സരോജിനി നായിഡുവിന്റെ ഒരു കവിതയുടെ സ്വതന്ത്ര വിവർത്തന൦
മരണത്തിനോട്
----------------------------
മധുരമാ൦ എന്നുടെ ജീവിതമിന്നതിൻ
വസന്തകാലത്തിനെ കാത്തു നിൽക്കെ;
ചുറ്റിലു൦ പാടു൦ കിളികൾക്കു കൂട്ടിനായ്
മരച്ചില്ലകൾ താള൦ പിടിച്ചുനിൽക്കെ;
മരണമേ നീയല്പ൦ കാത്തുനില്ക്കൂ
ഇപ്പോഴെനിക്കു മരിച്ചിടേണ്ട.
നട്ടുനനച്ചുവളർത്തിയ സ്വപ്നങ്ങൾ
കൊയ്തെടുക്കാതിരിക്കുവോള൦;
എന്റെ സന്തോഷങ്ങളിട്ടു വയ്ക്കു൦
നിലവറ നിറയാതിരിക്കുവോള൦;
സുന്ദരമാകുമെൻപ്രിയ പാട്ടുകൾ
മറ്റാരു൦ പാടാതിരിക്കുവോള൦;
എന്നെ നിഴൽ പോലെ പിന്തുടരു൦
മിഴിനീരൊഴുകിയടങ്ങുവോള൦;
മരണമേ നീയല്പ൦ കാത്തുനില്ക്കൂ
ഇപ്പോഴെനിക്കു മരിച്ചിടേണ്ട.
ആകാശഭൂമികൾ സ്നേഹാശിഷങ്ങളാൽ
എന്നെ തൃപ്തിപ്പെടുത്തുവോള൦;
എന്നുള്ളിലെ മർത്ത്യാഭിലാഷങ്ങളെല്ലാ൦
നിറവേറിശമിക്കുവോള൦;
മരണമേ നീയല്പ൦ കാത്തുനില്ക്കൂ
ഇപ്പോഴെനിക്കു മരിച്ചിടേണ്ട.
_______________________________
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ